ജീവശാസ്ത്രവും ഖുര്‍ആനും
23 September 2011


''ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട്, നാം അവയെ വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍നിന്ന് എല്ലാ ജീവവസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?'' (21:30).
ശാസ്ത്രം പുരോഗമിച്ചതിനു ശേഷമാണ് കോശത്തിന്റെ അടിസ്ഥാന ഭാഗമായ സൈറ്റോപ്ലാസം 80 ശതമാനം ജലനിബിഡമാണെന്ന് നാം തിരിച്ചറിയുന്നത്. ഏതൊരു ജീവിയുടെ നിലനില്‍പിനും വെള്ളം അനിവാര്യമാണെന്നും ഭൂരിപക്ഷം ജീവികളിലും ഇത് 50 ശതമാനം മുതല്‍ 90 ശതമാനം വരെ കാണപ്പെടുന്നുവെന്നും ആധുനിക ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
സര്‍വ്വ ജീവനുകളും വെള്ളത്തില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പു ഒരു മനുഷ്യന് ഊഹിക്കാന്‍ സാധിക്കുമായിരുന്നോ? സദാ വരള്‍ച്ച മാത്രം പിടിപെട്ടിരുന്ന അറേബ്യന്‍ മരുഭൂമിയില്‍നിന്നും അവര്‍ക്കിത് എങ്ങനെ മനസ്സിലാക്കാനായി?
ജന്തുലോകത്തിന്റെ സൃഷ്ടിപ്പ് ജലത്തില്‍നിന്നാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു: ''എല്ലാ മൃഗങ്ങളെയും അല്ലാഹു വെള്ളത്തില്‍നിന്നും സൃഷ്ടിച്ചു'' (24:45).
മനുഷ്യ സൃഷ്ടിപ്പും ജലത്തില്‍നിന്നുതന്നെ ആരംഭിച്ചതാണെന്ന് വ്യക്തമാക്കിക്കൊണ്ട് പറയുന്നു:
''അവന്‍ തന്നെയാണ് വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാണ്'' (25:54).